Thursday 7 August 2014

കൗതുക വാര്‍ത്ത

ചപ്പാത്തി ഉണ്ടാക്കുന്ന റോബോട്ടുമായി സിംഗപ്പൂരിലെ ഇന്ത്യന്‍ ദമ്പതികള്‍
സിംഗപ്പൂര്‍: സിംഗപ്പൂരിലുള്ള ഇന്ത്യന്‍ ദമ്പതികള്‍ വികസിപ്പിച്ച ചപ്പാത്തി ഉണ്ടാക്കുന്ന റോബോട്ടിന് അമേരിക്കയില്‍നിന്നുപോലും നിരവധി ആവശ്യക്കാര്‍. വിപണിയില്‍ എത്തുന്നതിന് മുമ്പുതന്നെ നിരവധിപേര്‍ റോബോട്ടിന് ഓഡര്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യക്കാരായ ഋഷി ഇസ്രാനിയും ഭാര്യ പ്രണോതിയും ചേര്‍ന്ന് ആറുവര്‍ഷമെടുത്താണ് റോബോട്ട് വികസിപ്പിച്ചത്. റൊട്ടിമാറ്റിക് എന്ന് പേരുനല്‍കിയിട്ടുള്ള യന്ത്രത്തിന് ഒരു ചപ്പാത്തി പാകം ചെയ്യാന്‍ ഒരു മിനിട്ടുമതി.

റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിച്ച ആദ്യ അടുക്കള ഉപകരണമാണ് റൊട്ടിമാറ്റിക്. ഉപകരണം അമേരിക്കന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനുവേണ്ട അനുമതിക്കുവേണ്ടി കാത്തിരിക്കുകയാണ് ദമ്പതികള്‍. അടുത്തവര്‍ഷത്തോടെ ഈ ഉപകരണം അമേരിക്കയിലേക്ക് കയറ്റിയയക്കാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. 599 ഡോളര്‍ (35,000 രൂപ) വിലവരും.

17 കിലോഗ്രാം ഭാരമുള്ള ഉപകരണത്തില്‍ 10 മോട്ടോറുകളും 15 സെന്‍സറുകളും 300 ഘടകങ്ങളുമുണ്ട്. ചപ്പാത്തിയുടെ മാര്‍ദ്ദവവും എണ്ണമയവുമെല്ലാം ക്രമീകരിക്കാനുള്ള സംവിധാനം ഉപകരണത്തിലുണ്ട്. ടെണ്‍ ക്യൂബെന്ന മൊബൈല്‍ സെക്യൂരിറ്റി കമ്പനിയുടെ സ്ഥാപകനാണ് ഇസ്രാനി. കമ്പനിയെ പിന്നീട് മക്കാഫി ഏറ്റെടുത്തു. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിദഗ്ദ്ധയാണ് പ്രണോതി.

No comments:

Post a Comment